പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ യു.പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ടയിലെ വീണാ ജോർജിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കേസിൽ കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നതും എസ്ഐടി അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. കഴിഞ്ഞ ഫെബ്രുവരി 25നാണ് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
അഞ്ച് ഇടങ്ങളിലായിരുന്നു പ്രതിഷേധം. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎം പ്രവർത്തകർ മർദിച്ചതാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിന് കാരണമായത്. മാരകായുധങ്ങളുമായി എത്തിയ കെഎസ്യു പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ഗൺമാന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് കെഎസ്യു പ്രവർത്തകരുടെ പരാതിയിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. പ്രവർത്തകർക്കെതിരെ ചുമത്തിയ വകുപ്പുകൾ, കേസ് രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.